12:29am 13 November 2026
NEWS
പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി
23/03/2026  04:28 PM IST
nila
 പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി

 


തിരുവനന്തപുരം: പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി. ഇന്നു വൈകിട്ട് മൂന്നുമണി വരെയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം. സംസ്ഥാനത്തൊട്ടാകെ 1269 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചിട്ടുള്ളത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ഇതിൽ നേരിയ വ്യത്യാസമുണ്ടായേക്കാം. നാളെയാണ് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. 

പറവൂരിലെ യു ഡി എഫ് സ്ഥാനാർഥി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പാലയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി, ഒറ്റപ്പാലത്തെ ബി ജെ പി സ്ഥാനാർഥി മേജർ രവി, തൊടുപുഴയിലെ യു ഡി എഫ് സ്ഥാനാർഥി അപു ജോൺ ജോസപ്, സുൽത്താൻ ബത്തേരിയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ, നേമത്തെ യു ഡി എഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥൻ, ഗുരുവായൂരിലെ എൻ ഡി എ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ, കൊടുവള്ളിയിലെ യു ഡി എഫ് സ്ഥാനാർത്ഥി പി കെ ഫിറോസ്, തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാർത്ഥി അഖിൽ മാരാർ, മാനന്തവാടിയിലെ എൻ ഡി എ സ്ഥാനാർത്ഥി ശ്യാംരാജ്, കോഴിക്കോട് എലത്തൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എ കെ ശശീന്ദ്രൻ, ബേപ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി പി വി അൻവർ, അരുവിക്കരയിലെ യു ഡി എഫ് സ്ഥാനാർഥി വി എസ് ശിവകുമാർ, തിരുവനന്തപുരം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സുധീർ കരമന, എൻ ഡി എ സ്ഥാനാർഥി കരമന ജയൻ തുടങ്ങിയവരടക്കം ഇന്ന് പത്രിക നൽകി. പയ്യന്നൂരിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനും ഇന്ന് പത്രിക നൽകി.

സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26 നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷമാകും കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം തെളിയുക. സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാൻ വിധിയെഴുതുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img